18 Aug 2012

No. 70 8, 9 हिंदी प्रश्नपत्र अगस्त 2012:एक आलोचना


-->
VIII & IX Hin. Qn. Aug. 2012 : एक मूल्यांकन

2012 മാര്‍ച്ച് മാസം നടന്ന എസ്.എസ്.എല്‍.സി. പരീക്ഷയിലെ ഹിന്ദി ചോദ്യപേപ്പറിലെ വ്യാകരണപരവും യുക്തിപരവും ആയ അബദ്ധങ്ങളെ ഈ ബ്ലോഗിലൂടെ തുറന്നു കാട്ടുകയുണ്ടായി. അതിന്റെ തുടര്‍ച്ചയായി നമ്മുടെ വിദ്യാഭ്യാസ വകുപ്പ് നടത്തിവരുന്ന വങ്കത്തങ്ങളാണ് ഇക്കഴിഞ്ഞ ഓണപ്പരീക്ഷയിലും കണ്ടത്. ഭാഷാപഠനത്തിന്റെ മരണമണി മുഴക്കിക്കൊണ്ട് നടത്തുന്ന 'ബുദ്ധിപരമായ' വ്യായാമങ്ങളും കുട്ടികളെ ഹിന്ദിയോട് വിമുഖരാക്കിത്തീര്‍ക്കുന്ന ക്ലിഷ്ടതകളും കലര്‍ന്ന ഈ ചോദ്യപേപ്പറുകള്‍ ഒന്ന് വിശകലനം ചെയ്യാം.
എട്ടാംതരം
1. ചോദ്യപേപ്പറിന്റെ ആദ്യത്തെ വരിയില്‍ത്തന്നെ ഹിന്ദിയില്‍ सर्वशिक्षा अभियान, केरल എന്നതിന് പകരം സംസ്കൃതത്തില്‍ सर्वशिक्षा अभियानम् (SSA) केरलम् എന്ന് കൊടുത്തു കാണുന്നു.
സംസ്കൃതത്തോടുള്ള ആദരവോടുകൂടിത്തന്നെ പറയട്ടെ നാളെയിത് അറബിയില്‍ വേണമെന്ന് ആവശ്യം ഉയര്‍ന്നു കൂടായ്കയില്ല.
2. ഒന്നാമത്തെ ചോദ്യത്തിലെ प्रोक्ति എന്ന പ്രയോഗം തന്നെ കുട്ടികളെ കുളത്തില്‍ ചാടിച്ചു.
जैनी എന്ന കഥയുടെ രചയിതാവ് എന്നതിന് വിക്ടര്‍ ഹ്യൂഗോയുടെ പേരെഴുതണോ അതോ മൊഴിമാറ്റം നടത്തിയ अंशुमाला गुप्ता യുടെ പേരെഴുതണോ എന്ന് കുട്ടികള്‍ സംശയിച്ചു.
3. ചോദ്യം 2 ല്‍ കൊടുത്ത सोनाखाली से यात्रा शुरू की എന്ന വാക്യത്തില്‍ शुरू हुई എന്നാണ് ഉചിതം. നാലാമത്തെ ചോദ്യത്തില്‍ പ്രയോഗം ശരിയായി കൊടുത്തിട്ടുണ്ട് താനും.
4. നാലാമത്തെ ചോദ്യത്തിന്റെ ഉത്തരം രണ്ടാമത്തെ ചോദ്യത്തില്‍ നിന്ന് തപ്പിയെടുക്കാന്‍ പറ്റിയത് കുട്ടികള്‍ക്ക് ആശ്വാസമായി.
ചോദ്യകര്‍ത്താവിന്റെ മണ്ടത്തരം ഇതില്‍ പ്രതിഫലിക്കുകയും ചെയ്യുന്നു.
5. ചോദ്യം 5 ന്റെ ഉത്തരം കഥയുടെ ആദ്യാംശത്തെ ആസ്പദമാക്കിയാണെഴുതുന്നതെങ്കില്‍ हट्टा-कट्टा है എന്നും അന്ത്യാംശത്തെ ആസ്പദമാക്കിയാണെഴുതുന്നതെങ്കില്‍ दुबला-पतला है എന്നും എഴുതേണ്ടിയിരിക്കുന്നു.
കൊച്ചുകുട്ടികളെ വെള്ളം കുടിപ്പിക്കുന്ന കാര്യത്തില്‍ ചോദ്യകര്‍ത്താവ് വിജയിച്ചിരിക്കുന്നു.
6. ചോദ്യം 6 ന്റെ ഉത്തരമായി കൊടുത്ത स्वास्थ्य अच्छा होता है, स्वास्थ्य बढ़ जाता है- ഈ രണ്ടുത്തരങ്ങളും ഫലത്തില്‍ ഒന്നു തന്നെയാണ്. मंगर എന്ന കഥയുടെ അടിസ്ഥാനത്തിലാണ് ചോദ്യമെങ്കില്‍ स्वास्थ्य नष्ट होता है, गरीब बन जाता है എന്നീ ഉത്തരങ്ങളും ശരിയല്ലേ എന്ന് കുട്ടികള്‍ സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താന്‍ പറ്റുകയില്ല. അതായത് എല്ലാം ശരിയുത്തരം!
7. ചോദ്യം 7 ന്റെ ഉത്തരമായിക്കൊടുത്ത व्यस्तपूर्ण എന്ന പദം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു. व्यस्त എന്ന പദം തന്നെ വിശേഷണം ആയതുകൊണ്ട് पूर्ण എന്ന് ചേര്‍ക്കേണ്ടതില്ല. അഥവാ ചേര്‍ക്കുകയാണെങ്കില്‍ व्यस्ततापूर्ण എന്നാണ് ചേര്‍ക്കേണ്ടിയിരുന്നത്.
8. ചോദ്യം 9 ആയിക്കൊടുത്ത जो मार खा रोई नहीं എന്ന വരിയുടെ താല്‍പര്യം എട്ടാം ക്ലാസ്സിന്റെ നിലവാരത്തിലുള്ളതല്ല. അതു വിശദീകരിക്കാന്‍ കുറേ വെള്ളം കുടിച്ച അധ്യാപകര്‍ക്ക് ഇത് മനസ്സിലാകും.
'പരാക്രമം കുട്ടികളോടല്ല വേണ്ടൂ.'
9. കവിതാംശത്തെ അടിസ്ഥാനമാക്കി കൊടുത്ത ചോദ്യങ്ങള്‍ കുട്ടികളെ അധികം കുഴക്കിക്കാണില്ല.
10. ചോദ്യം 16, 17 ന് വേണ്ടിക്കൊടുത്ത ഖണ്ഡികയില്‍ അബദ്ധങ്ങളുടെ ഘോഷയാത്രയാണ് കാണാനുള്ളത്. गरीबी बहुत है എന്ന പ്രയോഗം തീരെ അനുചിതമായി തോന്നി. बहुत എന്ന വിശേഷണം ഇവിടെ തീരെ യോജിക്കുന്നില്ല. छोटे बच्चों को उनके माता-पिता भीख मंगवाने के लिए भेजते हैं- ഇവിടെ मंगवाना എന്ന പ്രയോഗം അനാവശ്യമാണ്. भीख मांगने के लिए എന്നതാണ് ശരി. माता-पिता भीख मंगवाते हैं എന്ന് പറഞ്ഞാലും തെറ്റില്ല. ഈ വാചകം വായിച്ചപ്പോള്‍ ഭാരതത്തിലെ എല്ലാ അച്ഛനമ്മമാരും കുട്ടികളെ ഭിക്ഷാടനത്തിന് പറഞ്ഞയക്കുന്നു എന്ന ആശയമാണ് വന്നത്.
ചോദ്യകര്‍ത്താവിന്റെ വീട്ടിലെ കാര്യം അറിയില്ല. ഞങ്ങളൊന്നും ഇങ്ങനെ കുട്ടികളെ ഭിക്ഷാടനത്തിന് അയക്കാറില്ല. പ്രത്യേകമായ ചില സാഹചര്യങ്ങളെ സാമാന്യമായി അവതരിപ്പിച്ചതിലെ മണ്ടത്തരം നോക്കണേ.
തീര്‍ന്നില്ല. उन्हें मेहनत-मज़दूरी करना पड़ती है എന്ന പ്രയോഗം ഇന്നേ വരെ ഹിന്ദിയില്‍ ഞങ്ങള്‍ കേട്ടിട്ടില്ല. मज़दूरी സ്ത്രീലിംഗപദമായതിനാല്‍ करनी पड़ती है എന്നതാണ് ശരി.
കുറ്റം പ്രസ്സുകാരന്റെയോ പ്രൂഫ് റീഡറിന്റെയോ ആണെന്ന് പറഞ്ഞ് ചോദ്യകര്‍ത്താവിന് തടിതപ്പാവുന്നതാണ്.
जिससे उनके भविष्य पर बहुत बुरा प्रभाव पड़ता है എന്ന വാക്യാംശത്തില്‍ जिसका എന്നതാണ് ഉചിതമെന്ന് നല്ല ഹിന്ദി എഴുതുകയും പറയുകയും ചെയ്യുന്നവര്‍ അഭിപ്രായപ്പെടും.
11. ചോദ്യം 17 ന്റെ ഉത്തരമായി सर्वनाम, प्रत्यय എന്നിവ തെരഞ്ഞെടുക്കാന്‍ പറഞ്ഞിരിക്കുന്നു. എന്നാല്‍ सर्वनाम തെരഞ്ഞെടുക്കേണ്ട ആവശ്യമില്ല. എല്ലാ ഉത്തരത്തിലും सर्वनाम ആയി वे തന്നെയാണ് കൊടുത്തിരിക്കുന്നത്. के എന്ന प्रत्यय തെരഞ്ഞെടുക്കാനാണ് ഉദാരമതിയായ ചോദ്യകര്‍ത്താവ് 2 മാര്‍ക്ക് കൊടുത്തിരിക്കുന്നത്. എങ്കിലും ഇതൊന്നും ആദ്യം ചെയ്ത പാപങ്ങള്‍ക്ക് പരിഹാരമല്ല.
12. ചോദ്യം 20 ല്‍ बालक बेनीपुरी യുടെ ഡയറിയാണ് എഴുതാനാവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ പ്രസ്തുത സംഭവം ലേഖകന്‍ വലുതായതിന് ശേഷമാണ് നടന്നത്. मंगर എന്ന പാഠത്തെ ആസ്പദമാക്കിയുള്ള ചോദ്യങ്ങളിലെല്ലാം തന്നെ അബദ്ധങ്ങള്‍ കെട്ടിഎഴുന്നള്ളിച്ചത് കണ്ടാല്‍ ചോദ്യകര്‍ത്താവ് ഈ പാഠം വായിച്ചുനോക്കിയിട്ടില്ല എന്ന് ന്യായമായി സംശയിച്ചുപോവും അല്ലെങ്കില്‍ ഇദ്ദേഹം ക്ലാസ്സില്‍ പോകാറില്ല എന്ന് പറയേണ്ടതായി വരും.
13. ചോദ്യം 21 നെ ചോദ്യം എന്ന് വിളിക്കാന്‍ നിര്‍വ്വാഹമില്ല. मछुआरे शोषण के शिकार हैं എന്ന് മാത്രമേ കൊടുത്തിട്ടുള്ളൂ. ഇത് ചോദ്യകര്‍ത്താവിന്റെ ഒരു വിലാപമായി തോന്നി. ചോദ്യം വായിച്ചുണ്ടായ തലകറക്കം മാറി താഴെ നോക്കിയപ്പോഴാണ് ഒരു സൂചന കണ്ടത് लघु-लेख तैयार करें എന്ന്. ഇതിന് മുമ്പുള്ള എല്ലാ ചോദ്യങ്ങള്‍ക്കും സൂചന ആദ്യമായതുകൊണ്ട് ഇത് 21 ആമത്തെ ചോദ്യത്തിന്റെ സൂചനയാണെന്ന് പാവം കുട്ടികള്‍ക്ക് മനസ്സിലായി കാണില്ല. ഈ സൂചന ചോദ്യം 22 ന്റേതാണെന്ന് തെറ്റിദ്ധരിച്ച കുട്ടികള്‍ തലകറങ്ങി വീണുകാണും. കാരണം അത് പോസ്റ്ററെഴുതാനുള്ള ചോദ്യവുമാണ്.
14. വര്‍ഷങ്ങളായി 50 മാര്‍ക്കിന്റെ ചോദ്യങ്ങള്‍ ഉണ്ടായിരുന്നത് 40 മാര്‍ക്കായും സമയം രണ്ടര മണിക്കൂറില്‍ നിന്ന് ഒന്നരയായും കുറച്ചത് പരിഷ്കാരമെന്ന നിലക്കായിരിക്കാം. എങ്കിലും അത് ഒരു തത്വദീക്ഷയില്ലാത്ത നടപടിയായിപ്പോയി. കുറഞ്ഞപക്ഷം അധ്യാപകര്‍ക്ക് ഇത് സംബന്ധിച്ച് അറിയിപ്പ് കൊടുക്കാനുള്ള സാമാന്യ മര്യാദ കാണിക്കാമായിരുന്നു.
ഒമ്പതാം തരം
1. ചോദ്യം 1 ല്‍ पाठ, प्रोक्ति, रचयिता എന്നീ കോളങ്ങളില്‍ पाँव तले दबी गर्दन എന്നതിന് उपन्यास എന്ന് ചേര്‍ത്തെഴുതിക്കാണാം. ഇങ്ങനെയൊരു നോവല്‍ പ്രേംചന്ദ് അടുത്ത ജന്മത്തിലും എഴുതാനാഗ്രഹിച്ചുകാണില്ല. പ്രസ്തുത ശീര്‍ഷകം പാഠപുസ്തകപ്രസാധകര്‍ കൊടുത്തതാകാം. उपन्यास का अंश എന്നായിരുന്നു കൊടുക്കേണ്ടിയിരുന്നത്.
2. ചോദ്യം 2 ക്രമപ്പെടുത്തി എഴുതാനുള്ളതാണ്. ഇതില്‍ होरी कंधे पर लाठी रखकर घर से निकला എന്ന സംഭവവും होरीराम ज़मींदार से मिलने के लिए जाने लगा എന്ന സംഭവവും ഒന്നു തന്നെയല്ലേ. होरीराम ज़मींदार के घर जाने की तैयारी करने लगा എന്ന് കൊടുത്തിരുന്നെങ്കില്‍ കുഴപ്പമില്ലായിരുന്നു.
3. ചോദ്യം 3 धनिया യുടെ സ്വഭാവവിശേഷതകള്‍ തെരഞ്ഞെടുത്തെഴുതാന്‍ പറഞ്ഞതില്‍ മൂന്ന് ഉത്തരങ്ങളേ കൊടുത്തിട്ടുള്ളൂ. ഏതെങ്കിലും രണ്ടെണ്ണം എഴുതിയ കുട്ടിക്ക് ചുരുങ്ങിയത് ഒരു മാര്‍ക്കെങ്കിലും കിട്ടും.
खुशामदी करनेवाली എന്ന പ്രയോഗം ചോദ്യകര്‍ത്താവിന്റെ വിവരക്കേടിനെയാണ് സൂചിപ്പിക്കുന്നത്. खुशामद करनेवाली എന്നതാണ് ശരി. खुशामदी എന്നത് വിശേഷണമാണ്.
4. ചോദ്യം 7 खेती नहीं करनेवाला किसान गाँव छोड़कर क्यों शहर की ओर जाता है? എന്ന ചോദ്യത്തിന് विवशता के कारण എന്ന ഉത്തരമാണ് പ്രതീക്ഷിക്കേണ്ടത്. എന്നാല്‍ മറ്റ് മൂന്ന് ഉത്തരങ്ങളിലും കൃത്യമായ മൂന്ന് കാരണങ്ങള്‍ (मकान खरीदने के लिए, पढ़ाई के लिए, मित्र से मिलने के लिए) കൊടുത്തിട്ടുണ്ട്. विवशता എന്ന വാക്ക് കുട്ടികള്‍ക്ക് ഉള്‍ക്കൊള്ളാന്‍ പറ്റുമെന്ന് തോന്നുന്നില്ല. नौकरी के लिए, मज़दूरी के लिए തുടങ്ങിയ ഉത്തരങ്ങളായിരുന്നു ഉചിതം. विवशता (നിവൃത്തികേട്) കൊണ്ട് നഗരത്തിലേക്ക് പോകേണ്ട കാര്യവുമില്ലല്ലോ?
5. ചോദ്യം 9 ല്‍ गाँव का मुखिया बीज-धान देगा। मगर दुगुना देना पड़ेगा എന്ന പ്രസ്താവന കൊടുത്തിട്ട് क्यों എന്ന് ചോദിച്ചിരിക്കുന്നു. ഈ കഥ എത്ര പ്രാവശ്യം വായിച്ചാലും ഇതിന് ഉത്തരമെഴുതാന്‍ പറ്റില്ല. ഇതിന്റെ ഉത്തരം ഗ്രാമമുഖ്യന്‍ തന്നെ പറയേണ്ടിയിരിക്കുന്നു.
6. ചോദ്യം 11 ല്‍ निम्नलिखित अंश का संशोधन करके लिखें ല്‍ നാല് തെറ്റുകള്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അടയാളപ്പെടുത്താത്ത ഒരു തെറ്റുകൂടിയുണ്ട്- लहलहाते खेत हैं എന്നാണ് വേണ്ടിയിരുന്നത്. എന്നാല്‍ ചോദ്യത്തില്‍ है ഏകവചനത്തിലാണ് കൊടുത്തിരിക്കുന്നത്.
ഇത് ചോദ്യകര്‍ത്താവിന്റെ അറിവില്ലായ്മയായാലും അശ്രദ്ധയായാലും മാപ്പര്‍ഹിക്കുന്നില്ല.
7. ചോദ്യം 12, ഉപസര്‍ഗ്ഗം ചേര്‍ത്ത് വിപരീതപദം എഴുതാനുള്ള ഈ ചോദ്യം വായിച്ചപ്പോള്‍ ഹിന്ദിയില്‍ ഉപസര്‍ഗ്ഗങ്ങള്‍ക്ക് ഇത്രയും ക്ഷാമമുണ്ടോ എന്ന് തോന്നി. എല്ലാ പദത്തിന്റെയും കൂടെ अ തന്നെയാണ് ചേര്‍ക്കേണ്ടി വരുന്നത്.
8. ചോദ്യം 13 , 14, 15 ന്റെ സൂചനയിലുള്ള കവിതയില്‍ മൂന്ന് സ്ഥലങ്ങളിലായി पेड़ ബഹുവചനത്തിലും അവസാന വരിയില്‍ निभाता पेड़ എന്ന് ഏകവചനത്തിലും വന്നതില്‍ യുക്തിഭംഗമുണ്ട്. എങ്കിലും കവിത ലളിതമായത് കുട്ടികള്‍ക്ക് ഉപകാരപ്രദമായി.
ചോദ്യം 13 ല്‍ सबके जीवनदाता और भाग्य विधाता कौन है എന്ന ചോദ്യത്തിന് ईश्वर എന്ന ഉത്തരം കൊടുത്താലും തെറ്റുപറയാന്‍ പറ്റില്ല. कवि के अनुसार അല്ലെങ്കില്‍ कविता के अनुसार എന്ന് ചോദ്യത്തില്‍ വേണ്ടിയിരുന്നു. സംസ്ഥാനതലത്തില്‍ വിദഗ്ദ്ധര്‍ തയ്യാറാക്കുന്ന ചോദ്യത്തില്‍ ഇത്തരം പിശകുകളും അഭികാമ്യമല്ല.
9. 16 മുതല്‍ 19 വരെയുള്ള ചോദ്യങ്ങള്‍ക്ക് കൊടുത്തിരിക്കുന്ന ഖണ്ഡികയിലും നിറയെ അബദ്ധങ്ങള്‍ കാണാനുണ്ട്. चोटीयाँ എന്നതിന് चोटियाँ എന്നാണ് വേണ്ടത് എന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ? यहाँ की प्रकृति सुंदरता मन को मोह लेता है എന്നല്ല വേണ്ടത് मोह लेती है എന്നാണ്.
അവസാനത്തെ വാചകത്തില്‍ ഭാഷാപരമായും യുക്തിപരമായും തെറ്റു കാണാവുന്നതാണ്. यह एक अकेला राज्य है എന്നതിന് പകരം यही एक अकेला राज्य है എന്നതാണ് ശരി. പ്രാചീനകാലം മുതല്‍ കാശ്മീരിന് മാത്രമേ എഴുതപ്പെട്ട ചരിത്രമുള്ളൂ എന്നത് പരിശോധിച്ച് ബോധ്യപ്പെടേണ്ട കാര്യമാണ്.
10. ചോദ്യം 20 ല്‍ किसान को कर्षकरत्न पुरस्कार मिला। इस अवसर पर बधाई समारोह आयोजित है ഇതുകേട്ടാല്‍ തോന്നുക അവാര്‍ഡ് ലഭിച്ച സമയത്തുതന്നെ പ്രസ്തുത കര്‍ഷകന് അനുമോദനവും കൊടുക്കുന്നു എന്നല്ലേ? പോസ്റ്റര്‍ തയ്യാറാക്കുന്നതിന് ഇത് തടസ്സമല്ലെങ്കിലും ചോദ്യകര്‍ത്താവിന്റെ ഭാഷാപരമായ ദൗര്‍ബ്ബല്യമാണ് ഇത് കാണിക്കുന്നത്.
11. ചോദ്യം 21ന്റെ സഹായകബിന്ദുക്കളില്‍ लड़के के गाल पर करारा चांटा എന്നതിന് പകരം लड़कों के गालों पर करारा चांटा എന്നാണ് വേണ്ടിയിരുന്നത്.
12. ചോദ്യം 22ന്റെ धनिया और होरी के बीच हुई वार्तालाप എന്ന പ്രയോഗം മാപ്പര്‍ഹിക്കാത്ത കുറ്റമാണ്. वार्तालाप പുല്ലിംഗമായതുകൊണ്ട് हुआ എന്ന് തന്നെ വേണം.
होरी की ओर से ज़मींदार की खुशामदी എന്ന് പ്രയോഗിച്ചുകണ്ടപ്പോള്‍ ചോദ്യം 3 ല്‍ കണ്ട തെറ്റ് കൈയബദ്ധമല്ലെന്നും ചോദ്യകര്‍ത്താവിന്റെ വിവരക്കേടിനെ ഉറപ്പിക്കുന്നതാണെന്നും വ്യക്തമായി.
പ്രിയപ്പെട്ട അധ്യാപക സുഹൃത്തുക്കളേ,
പത്താം തരത്തിന്റെ പരീക്ഷയിലും ഇതിലും വലിയ മണ്ടത്തരങ്ങള്‍ സുലഭമായി പ്രതീക്ഷിക്കാം. നമ്മുടെ വിമര്‍ശനങ്ങള്‍ വനരോദനങ്ങളായി മാറുമെന്നും പ്രതീക്ഷിക്കാം. എങ്കിലും പറ്റാവുന്ന എല്ലാ മാര്‍ഗ്ഗത്തിലും ഇത്തരം നിരുത്തരവാദപരമായ പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കാനും ആഴത്തില്‍ പഠിക്കാനും നാം ഇനിയും ആര്‍ജവം കാണിക്കേണ്ടിയിരിക്കുന്നു. 'രാജാവിതാ ഉടുതുണിയില്ലാതെ പോകുന്നേ' എന്ന് വിളിച്ചുപറഞ്ഞ നി‍ഷ്കളങ്കനായ കുട്ടിയുടെ ധൈര്യം പോലും അധ്യാപകര്‍ കാണിക്കാത്തതുകൊണ്ടാണ് തെറ്റുകള്‍ തുടര്‍ക്കഥയായി മാറുന്നത്.
ടി.കെ. ഈശ്വരന്‍ നമ്പൂതിരി
ജി.എച്ച്.എസ്.എസ്., മാതമംഗലം.
ഫോണ്‍. 9747120252
രവി. എം
ജി.എച്ച്.എസ്.എസ്. കടന്നപ്പള്ളി.
ഫോണ്‍. 9446427497.6 comments:

 1. ഒരു സംശയം..അപ്പോ ഇതിൽ ശരിക്കും ശരിയായത് ഒന്നുമില്ലേ..??.ഈശ്വരോ രക്ഷതു:
  ടി എസ്സ് ഉണ്ണി....

  ReplyDelete
  Replies
  1. സാര്‍, എല്ലാം തെറ്റാണെന്ന് അര്‍ത്ഥമില്ല. എന്നാല്‍ സംസ്ഥാന തലത്തിലുണ്ടാക്കുന്ന ചോദ്യപേപ്പറിലെ ഒരു തെറ്റ് പ്രതിഫലിക്കുന്നത് ലക്ഷക്കണക്കിന് കോപ്പികളിലൂടെയാണ്. മാത്രവുമല്ല, ചോദ്യപേപ്പര്‍ തെറ്റായി വന്നാല്‍ അത് ലക്ഷക്കണക്കായ വിദ്യാര്‍ത്ഥികളെയും ആയിരക്കണക്കിന് അധ്യാപകരെയും വലക്കുന്ന പ്രശ്നമാണ്. ഇനിയും പരീക്ഷകള്‍ വരുമല്ലോ. അപ്പോള്‍ തയ്യാറാക്കുന്നവര്‍ അല്‍പം കൂടി ജാഗ്രത പാലിക്കാനിടയാക്കട്ടെ എന്ന സദുദ്ദേശത്തോടെയാണ് പ്രസിദ്ധീകരിച്ചത്. ആരെയെങ്കിലും നോവിക്കുക എന്നത് ലക്ഷ്യമല്ല.

   Delete
 2. വളരെ നന്നായിട്ടുണ്ട്...നല്ല വിശകലനം..മറ്റാരെ മറന്നാലും നമ്മുടെ കുട്ടികളോടുള്ള കടപ്പാടിനു പ്രഥമസ്ഥാനം നൽകണം...ഇനിയെങ്കിലും ഇത്തരം തെറ്റുകൾആവർത്തിക്കാതിരിക്കട്ടെ... മോന്തായം വളഞ്ഞാൽ....???

  ReplyDelete
  Replies
  1. തെററുകള്‍ ഇവിടെ അവസാനിക്കുമെന്ന് ശുഭപ്രതീക്ഷയൊന്നും വേണ്ട.ഇതേ മണ്ടന്‍മാര്‍ തന്നെയാവും sslc ചോദ്യവും തയ്യാറാക്കുന്നത്

   Delete
 3. ഒരു കാര്യം കൂടി...എട്ടാംതരത്തിലെ പത്തൊമ്പതാമത്തെ ചോദ്യം കാണുക.സാഗര്‍ സേ ലൗട്ട് ആനേ പര്‍ ജൈനീ ഓര്‍ പതി കേ ബീച് കാ സംഭാവിത് വാര്‍ത്താലാപ് ലിഖിയേ...ഇത് വായിച്ചാല്‍ തോന്നുക ഭാര്യയും ഭര്‍ത്താവും ഒരുമിച്ച് കടലില്‍ പോയിവന്നു എന്നല്ലേ.ഭാഷ പ്രയോഗിക്കാന്‍ അറിയാത്ത ഏത് വിവരദോഷിയാണ് ഈ ചോദ്യപേപ്പര്‍ ഉണ്ടാക്കിയത് എന്നറിയാന്‍ ആഗ്രഹമുണ്ട്.

  ReplyDelete
 4. പരീക്ഷയുടെ സമയം രണ്ടര മണിക്കൂറില്‍ നിന്ന് ഒന്നര മണിക്കുറായി ചുരുക്കിയെന്നത് പിശകാണ്,രണ്ട് മണിക്കൂറില്‍ നിന്നാണ് ഒന്നര മണിക്കൂറാക്കിയത്. ക്ഷമ ചോദിക്കുന്നു.
  ചോദ്യക്കടലാസിലെ ചോയ്സ് കൊടുത്തിരിക്കുന്നതില്‍ വലിയൊരു പിശകു പറ്റിയിട്ടുള്ളതായിക്കുടി കാണുന്നു. നിര്‍ദ്ദേശങ്ങളില്‍ കൊടുത്തത് 7 മുതല്‍ 9 വരെയുള്ള ചോദ്യങ്ങളിലും 13 മുതല്‍ 16 വരെയുമുള്ള ചോദ്യങ്ങളിലും ചോയ്സ് ഉണ്ടെന്നാണ്. എന്നാല്‍ ചോദ്യങ്ങളുടെ सूचना പ്രകാരം ചോയ്സ് 8 മുതല്‍ 10 വരെയുള്ള ചോദ്യങ്ങളിലും 19 മുതല്‍ 21 വരെയുമുള്ള ചോദ്യങ്ങളിലാണ്.

  ReplyDelete